നെടുമങ്ങാട്: നഗരസഭയുടെ ഫണ്ട് വർധിപ്പിച്ചതിൽ ബിജെപിയെ അഭിനന്ദിക്കുന്നതായി കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ നടത്തിയ പാരാമർശത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം കൂടിയ കൗൺസിൽ യോഗത്തിൽ ഏഴാം നമ്പർ അജണ്ടയായി നെടുമങ്ങാട് നഗരസഭ 2026-2027 വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ പദ്ധതി കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് അന്തിമമാക്കുന്നതു സംബന്ധിച്ചുള്ള അജണ്ട ചർച്ചയ്ക്ക് വന്നപ്പോഴായിരുന്നു സംഭവം. ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ കഴിഞ്ഞവർഷം മുനിസിപ്പാലിറ്റിക്ക് കിട്ടിയതിനേക്കാൾ 1.67 കോടി രൂപ കൂടുതൽ ഈ സാമ്പത്തിക വർഷം നഗരസഭയ്ക്ക് കിട്ടിയിട്ടുണ്ടെന്നു കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് വട്ടപ്പാറ ചന്ദ്രൻ പറഞ്ഞു. ഈ സമയം ചെയർപേഴ്സൺ ആർ. ജയദേവൻ അധ്യക്ഷ വേദിയിൽ ഇരുന്നുകൊണ്ട് അതു നിങ്ങൾക്ക് പറയാൻ യോഗ്യതയില്ലെന്നും ആ തുക തന്നതു ബിജെപി ആണെന്നും ബിജെപിയെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു എന്നും പറയുകയായിരുന്നു. ചെ യർപേഴ്സണിന്റെ ഈ പരാമർ ശമാണ് യുഡിഎഫ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.
കേന്ദ്രാവിഷ്കൃത ഫണ്ടിൽ വർധ വരുത്തിയിട്ടുണ്ടെങ്കിൽ സർക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം സിപിഎം നേതാവ് ബി ജെപിയെ പുകഴ്ത്താൻ നടത്തിയശ്രമം പ്രതിഷേധർഹമാണെന്ന് യോഗത്തിൽനിന്നും വാക്കൗട്ട് നടത്തിയ യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.